02 October 2023

ഇനിയുമെത്ര ദൂരം .........

കല്ലുകള്‍‌ക്കിടയിലെ 
മാണിക്യമാണ്‌
മണി മുത്ത്
റസൂലെന്നു
പാടിയ
പദജതികളിലെ
പൊരുളെത്ര
മോഹനം...

പ്രവാചക പ്രഭുവിന്‍
പാദ മുദ്രകളേറ്റ
യഥ്‌‌രിബ്
മദീനയായ് മാറിയ
ചരിത 
നിമിഷങ്ങളാണെന്‍
തങ്ക -
കിനാവിലെ
ബുറൂജുകള്‍ ...

ദുര്‍‌വൃത്തയുടെ
ക്ഷേമാശ്വൈര്യങ്ങളില്‍
നബി
ശ്രേഷ്‌ഠനെന്തു കാര്യം
എന്നോര്‍‌ത്ത്
നിസ്വാര്‍ഥ 
സേവകരുടെ സന്ദേഹം !

അന്ത്യാഭിലാഷത്തിന്‍ 
മറവില്‍
ശത്രു 
സൈന്യാധിപന്‍ 
ഒരുക്കിയ
തന്ത്രത്തില്‍
വീണുപോയ്
പ്രജാവത്സന്‍
എന്നത്രെ
ധീര സഖാക്കളുടെ
മനോഗതം !

വിശ്വാസിയുടെ 
വാള്‍മുനയില്‍
നിന്നടരുവാന്‍
കാര്‍ക്കിച്ച്
മുഖത്തൊരു
തുപ്പു മാത്രം
മതി പോലും !

രക്ഷാധികാരിയായ്
നാഥനുണ്ടെന്ന
പ്രത്യുത്തരം 
കൊണ്ട്‌
ശത്രുവിനെ 
നിരായുധനാക്കാന്‍
ഇനിയും ....
ഇനിയുമെത്ര ദൂരം .........

********************
(01) കല്ലുകള്‍‌ക്കിടയിലെ മാണിക്യക്കല്ല് എന്ന കവി വിശേഷണം

(02) പ്രവാചകന്റെ ആഗമനത്തിനു ശേഷമാണ്‌ യഥ്‌രിബ് മദീന എന്ന പേരില്‍ അറിയാന്‍ തുടങ്ങിയത്.

(03) നിത്യവും പ്രവാചകനെ ശല്യം ചെയ്‌തിരുന്ന ജൂത സ്‌ത്രീ രോഗ ശയ്യയിലാണെന്നറിഞ്ഞപ്പോള്‍ :-പ്രവാചകന്‍ അവരെ സന്ദര്‍ശിച്ചു.പ്രവാകന്റെ അനന്യ സാധാരണമായ കാരുണ്യത്തിന്റെ നിറവില്‍ ഈ സ്‌ത്രീ മാര്‍ഗ ദര്‍ശനം ചെയ്യപ്പെട്ടു.

(04) ശത്രു സൈന്യത്തിന്റെ പടനായകനായിരുന്ന ഹുര്‍മുസാന്‍ പിടിക്കപ്പെട്ടതിനു ശേഷം ശിക്ഷ നടപ്പാക്കപ്പെടുന്നതിന്റെ മുമ്പ്‌ അന്ത്യാഭിലാഷമായി ദാഹജലം ആവശ്യപ്പെടുകയും കൊണ്ടു വരപ്പെട്ട വെള്ളം തറയിലൊഴിച്ചുകളയുകയും ചെയ്‌തു.ദാഹം തീര്‍‌ത്തതിനു ശേഷം ശിക്ഷ നടപ്പാക്കുകയുള്ളൂ എന്ന കുറ്റവാളിയോടുള്ള വാഗ്‌‌ദത്തം പാലിക്കാനുള്ള ഖലീഫയുടെ ധര്‍മ്മനിഷ്‌ടയുടെ പ്രഭാവത്തില്‍ ഹുര്‍മുസാന്‍ യഥാര്‍ഥ മാര്‍ഗത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ടു.

(05) പ്രസിദ്ധനായ യോദ്ധാവിന്റെ മുഖത്തേയ്‌ക്ക്‌ എതിരാളി കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ അദ്ദേഹം തന്റെ ആയുധം വലിച്ചെറിഞ്ഞു.തികച്ചും വ്യക്തി വിദ്വേഷത്താലായിരിക്കരുത്‌  എതിരാളി  കീഴ്‌പെടുത്തപ്പെടേണ്ടത്‌  എന്നായിരുന്നു തന്റെ അനുചരന്മാരോട്‌ മഹാനവര്‍കള്‍ നല്‍കിയ വിശദീകരണം.

(06) വൃക്ഷ തണലില്‍ പ്രവാച പ്രഭു വിശ്രമിക്കേ ഒരാള്‍ പ്രവാചകന്റെ ആയുധം എടുത്തുകൊണ്ട്‌ ചോദിച്ചു 'താങ്കളെ ആരാണ്‌ രക്ഷിക്കുക ? നിമിഷാര്‍ധം കൊണ്ട്‌ മറുപടി അല്ലാഹു.പ്രത്യത്തരം കേട്ടുടന്‍ ആയുധം നിലത്തു വീണു എന്നു ചരിത്രം.
==========
അസീസ് മഞ്ഞിയില്‍

ഇന്റര്‍ നാഷണല്‍ മലയാളി
===================

0 comments:

Post a Comment

Note: Only a member of this blog may post a comment.