04 February 2024

വ്യര്‍‌ഥസങ്കല്‍‌പം

 വ്യര്‍‌ഥസങ്കല്‍‌പം
=========
പ്രാര്‍‌ഥനാ
നിര്‍‌ഭരമായിരുന്ന
പരവതാനികളില്‍
പ്രതീകങ്ങള്‍‌ക്കും
പ്രതിമകള്‍‌ക്കും വേണ്ടി
കൊലവിളികള്‍ -
അവിരാമം
ജ്വാലകളായി
ഉയരുന്നു...

നീതി പീഠങ്ങള്‍
നെയ്യൊഴിക്കുമ്പോള്‍
അഗ്നിച്ചിറകുകള്‍
ആളിപ്പടരും...
പകര്‍‌ന്നാട്ടത്തി-
ന്നൊടുവില്‍
ഉന്മാദലഹരിയില്‍
ദാഹ പരവശരാകും...

രക്തദാഹികളുടെ
ദാഹമകറ്റാന്‍,
കാവല്‍ നായ്‌ക്കള്‍
വം‌ശഹത്യക്ക്
കളമൊരുക്കും ...

നിദ്രാവിഹീനമായ
രജനികളില്‍
പ്രകീര്‍‌ത്തനം
നടത്തുന്നവരുടെ
നെഞ്ച് പിളര്‍‌ത്തി
കരള്‍ പറിച്ചെടുത്ത്
പൂമാല കോര്‍‌ക്കും...

വിരല്‍ ചൂണ്ടുന്നവരുടെയും
വിലപിക്കുന്നവരുടെയും
പ്രാണന്‍ കവര്‍‌ന്ന്‌
ജീവനില്ലാത്ത
വിഗ്രഹങ്ങളില്‍
പ്രാണ പ്രതിഷ്‌ഠ
നടത്തും ...

ആര്‍‌ത്തട്ടഹാസത്തിന്റെ
പ്രതിധ്വനിയില്‍
പ്രഭുകുമാരന്മാര്‍
അധികാരത്തിന്റെ
സിം‌ഹാസനം
സ്വപ്‌നം കാണും...

പൊരുത്തപ്പെടുന്നവരും
പൊരുതി
നില്‍‌ക്കുന്നവരും
ധര്‍‌മ്മവും
അധര്‍‌മ്മവും
സത്യവും
മിഥ്യയും
തിരിച്ചറിയപ്പെടും ...

വ്യര്‍‌ഥ സങ്കല്‍‌പങ്ങള്‍
പിഴുതെറിയപ്പെടും...
=========
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.