28 October 2023

മിഴിപൂട്ടുന്ന താരകങ്ങള്‍


മിഴിപൂട്ടുന്ന താരകങ്ങള്‍

==============

ഒരുകളിയോടം

പോലുമില്ലാത്ത -

മണ്ണിന്റെ മക്കൾക്കെതിരെ 

അലയാഴികൾ കടന്നെത്തി

പോര്‍ മുഖമൊരുക്കി

ഒരുമ്പെട്ട സയണിസ ശക്തി

ദുർഘങ്ങൾ!

-----------

മാംസം കൊതിക്കും 

കഴുകരെപ്പോലാർത്തി -

രമ്പിയെത്തിയ

സൈന്യ സന്നാഹങ്ങള്‍ !

പടക്കോപ്പുകള്‍

പലവിധം

പുതു 

വിദ്യകളൊരുക്കിയ

ജല വാഹിനികള്‍

നിര നിരയായി

നങ്കൂരമിട്ട് 

തീ തുപ്പിത്തിമർക്കുന്നു..!

-----------




ഉടച്ചു തകർത്ത

കിനാക്കളുടെ പടവുകളിൽ 

പിച്ചവെച്ചോടി നടക്കുന്ന

പൈതങ്ങളുടെ

തലക്കു മേലാർത്തു

പറക്കും കടന്നൽ

കൂടിളികിയ പോൽ

പാറിക്കളിക്കുന്നു...

മിന്നൽ വേഗങ്ങൾ

തോറ്റു പോം പരശ്ശതം!

പോർ വ്യോമയാനങ്ങൾ

-----------

സൈതൂൻ മരങ്ങളുടെ

കൂട്ടപ്പിടച്ചലിൽ

സീനായ് താഴ്‌‌വരകളില്‍

നെടുവീർപ്പുയരുന്നു

മധ്യധരണ്യാഴി തിരകളലറുന്നു

ഗോലാനിളകി

മലമടകള്‍ പിടയുന്നു

ചോലകളുടെ ചിലമ്പുകൾ

തേങ്ങിത്തുളുമ്പുന്നു

പടയൊരുക്കം

പിടി വിടാത്തയിടങ്ങളിൽ

ശരവർഷത്തിൽ

ശയ്യ വിട്ടുണർന്നവർ!

ഉണരുമെന്നുറപ്പില്ലാ -

തുറക്കിൽ പതിച്ചവർ!


ശഹാദത്ത്

കളിയുടെ

ലഹരിയിലാനന്ദം 

പൂണ്ടുല്ലസിച്ചീടുന്ന

ബാല്യ കൗമാരങ്ങൾ !


ശൈശവ കാലത്തിനപ്പുറം

ഭാവന വിടരാത്ത

മക്കളുടെ

യാത്രാമൊഴികളും

വിട പറയാനുള്ള

തിടുക്കവും

ഒരുക്കവും

വസ്വിയത്തും...

പ്രാണൻ വെടിഞ്ഞാൽ

തിരിച്ചറിയാന്‍ വിധം

പൂമേനിയിൽ

പേര് കുത്തി കുറിക്കുന്ന

കുഞ്ഞ് പോരാളികളുടെ

ചുട്ടു പൊള്ളും

കൈ പടകളിലെ

നഖക്ഷതങ്ങള്‍ പോലും

ധീര - ഗാഥകൾ 

പാടിത്തരും

മഹാ കാവ്യ

രചനകള്‍ !

-----------

ഇതു കണ്ടിട്ടുമ്മമാരുടെ

കണ്ണിണകളിൽ

പൂക്കുന്ന 

മുത്ത്

മണികളുടെ

തിളക്കത്തിൽ

മിഴി പൂട്ടി മാനത്തെ

താരക കൂട്ടങ്ങൾ!

==========

മഞ്ഞിയില്‍

ഇന്റര്‍ നാഷണല്‍

28.10.2023

0 comments:

Post a Comment

Note: Only a member of this blog may post a comment.