14 November 2023

കര്‍‌മ്മയോഗിയുടെ വിയോഗം

 കര്‍‌മ്മയോഗിയുടെ വിയോഗം

========

ഒരു സൂനമുണര്‍‌ന്നു വിടര്‍‌ന്നു

മധുവും മലര്‍ മണവും

പകര്‍‌ന്നൊടുവില്‍

പൂവാടിയില്‍ വീണുടഞ്ഞൊരു

വര്‍‌ണ്ണ ശലഭത്തിന്‍ ചിറകു പോലെ ..


വഴിമുട്ടി ഗതി മുട്ടി

ചകിതരായലയും

പുറം പോക്ക്‌ മക്കളുടെ

തീയും തിരിയും

അണഞ്ഞു പോയി ...


ഇടയന്റെ വടിയായ്‌

പതിതന്റെ തണലായ്‌

വ്രണിതന്റെ ശമനമായ്

ബധിരന്റെ കാതായ്

മൂകരുടെ ശബ്‌ദമായ്

കുരുടന്റെ കണ്ണും 

കിനാവുമായി ....


നിരാലം‌ബരുടെ ആശയായ്‌

നിറ മിഴികളില്‍ വര്‍‌ണ്ണമായ്‌

നെടുവിര്‍പ്പുകളുയരും

കുടിലുകളിലെ കരുതലായ്

സാന്ത്വന സ്‌പര്‍‌ശമായ്‌

സഹജരുടെ താങ്ങും തണലുമായി 

-----------

തണലിട്ടു നിന്ന വട വൃക്ഷ ശിഖിരങ്ങളില്‍ 

മഞ്ഞ് തുള്ളികള്‍

മുത്ത് കണങ്ങള്‍ പോലെ

പിന്നെയും നിറയുന്നു പൂക്കുന്നു

കനക മണികളണിഞ്ഞ

നിറമിഴികള്‍ പോലെ...

വിപ്‌ളവ ഗാഥയുടെ - സ്വര

വീചിയായ്,രാഗമായ്‌

താളമായ്‌,ഗാനമായ്‌

സം‌ഗീതം പെയ്‌തിടും

തെന്നലലകള്‍ മെല്ലെ ....

മൂളാതെ മുരളാതെ നിശബ്‌ദമായി..


കതിരണിയും നാടിന്റെ

നാട്ടു വഴിയോരത്ത്

പൂത്തുലഞ്ഞാടി നിന്നൊരു പൂവാടി

തണ്ടൊടിഞ്ഞുണരാതെ

തളര്‍‌ന്നു പോയീ ....

==========

പൂമാരികള്‍ പെയ്‌തൊഴിഞ്ഞ താഴ്‌വരകളില്‍

പൂന്തെന്നല്‍ പോയൊളിച്ച തീരങ്ങളില്‍

പൂന്തേന്‍ നിലാവ്‌ വിരിച്ചൊരു താഴ്‌വര 

കാര്‍‌മേഘം കൊണ്ട്‌ പുതച്ചു പോയി..

===========

മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.