സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ദൂതുമായി പാറിപ്പറന്നിരുന്ന പക്ഷി ഇതാ കൂട്ടിലടക്കപ്പെട്ടിരിക്കുന്നു.മണ്ണിന്റെ ചൂരറഞ്ഞ് വിണ്ണില്‍ ഉയര്‍ന്ന് പറന്നിരുന്ന പക്ഷി.തടവിലടക്കപ്പെട്ടിരിക്കുന്നു.അനീതിയോടും അധാര്‍മ്മികതയോടും താതാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്നവര്‍ ആ ക്രൂര വിനോദത്തെ ന്യായീകരിക്കുന്നു.പാടിപ്പാടി പുകഴ്ത്തുകയും ചെയ്യുന്നു.ഇരുട്ടിനോടാണവര്ക്ക് താല്പര്യം. വെളിച്ചത്തോടവര്ക്ക് നീരസമത്രെ. കറുപ്പിന്റെ ശക്തികളാണവര്‍.
ആ കൊടും വഞ്ചനക്ക് ആത്മാര്‍ഥമായി പോരടിച്ചു നില്ക്കുന്ന ഒരു വിഭാഗം ഉണ്ട്.നന്മയുടെ വക്താക്കള്‍.വെളിച്ചത്തെ ഇഷ്ടപ്പെടുന്നവര്‍ അംഗ ബലം കൊണ്ട് കുറവാണെങ്കിലും അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണവര്‍. കൂരാ കൂരിരുട്ടത്തെ നുറുങു വെട്ടങ്ങളാണവര്.
ഇതിലൊക്കെ തങ്ങള്‍ക്കെന്തു കാര്യം എന്ന മട്ടില്‍ പ്രതികരിക്കാനറിയാത്ത മറ്റൊരു വിഭാഗം ഉണ്ട്.ഇരുട്ടും വെളിച്ചവും തിരിച്ചറിയാന്‍ കഴിയാത്തവര്‍.
ഇരുട്ടും വെളിച്ചവും എന്തു പറയുന്നു നമുക്ക് ശ്രവിക്കാം. ഒടുവില്‍, തടവിലടക്കപ്പെട്ട പക്ഷിയുടെ ധീരമായ വായ്ത്താരിയും.തടവിലടക്കപ്പെട്ട പക്ഷി.
----------------
അരുതാത്തത് കണ്ട് ചിലക്കൊല്ല നീ പക്ഷീ
ഇരുള് മുറ്റിയ തടവറയിലൊതുങ്ങി കഴിയുക
പറയൊല്ല മൂല്യവും മൂല്യ ശോഷണവും നീ
കതിരും പതിരും വേര്ത്തിരിക്കേണ്ട നീ പക്ഷീ
പറന്നുയരുകയായിരുന്നല്ലോ നീയേറെ
പരിതസ്ഥിതികളും മറന്നു കൊണ്ടേ ദൂരേ
ചക്രവാളം കാട്ടി കാട്ടി കൊതിപ്പിച്ച്
ചക്രം തിരിഞ്ഞു വീണിന്നു നിന് വിരിമാറില്‍
ഇനി മുതല്‍ ഇരുള് മറയാണു നിന് ആകാശം
അതില്‍ പോല്‍ പറക്കുവാനില്ല പക്ഷങ്ങളും
മോഹങ്ങളൊക്കെയും ഹോമിച്ചു കളയുക
മോഹന വാഗ്ദാന ശീലുകള്‍ മറക്കുക...
2
കൂരിരുട്ടത്തൊരിടിമിന്നല് പോലെ നീ
മരുക്കാട്ടിലെ മധുമലര്‍ മണമാണ് നീ
അന്ധന്റെ കണ്ണ് നീ
ബധിരന്റെ കാത് നീ
ഇടയന്റെ ചൂരലും
പതിതന്റെ മോഹവും
പക്ഷീ നിനക്കെന്തു പറ്റി നിന് പാട്ടെവിടേ
പക്ഷീ നിനക്കെന്തു പറ്റി നിന് ചൂട്ടെവിടേ
പക്ഷീ നിനക്കെന്തു പറ്റി നിന് ശീലവിടെ
പക്ഷം തളര്‍ന്നാലും ചിത്തം തകരാത്ത പൈങ്കിളീ
പാട്ടൊന്നു പാടിത്തരിക നീ
3
എന്റെ പാട്ടിന്നും മുഴങ്ങുന്നു ചുറ്റിലും
എരിയുന്നു കൂരിരുട്ടിലെന്റെ ചൂട്ടിന്നും
എന്റെ ശീലിന്നൊരു മാറ്റവുമില്ലിന്നും
പക്ഷം തളര്‍ന്നില്ല..
ചിത്തം തകര്‍ന്നില്ല..
പാടാന്‍ പിറന്നവള്
പാറാന്‍ പിറന്നവള്
എന്നെയടച്ചു പൂട്ടിയിരിക്കുന്നോര്
തന്നെയല്ലോ കൂരിരുട്ടത്തുലയുന്നു
എന്റെ ചിറകരിഞ്ഞോരല്ലോ മാനത്ത്
ഉയരാന്‍ കഴിയാതെ മണ്ണില്‍ പതിക്കുന്നു
കെട്ടുക വരിയുക മൂടുക മണ്ണറയില്‍
കഴിയുമെങ്കില്‍ എന്റെ ചിന്താ ധാരയെ..
................
................
മഞ്ഞിയില്‍
01.04.1992