26 June 2019

ഖബറടക്കം ചെയ്യാനാകാത്ത ഓര്‍മ്മകള്‍

കരഞ്ഞ്‌ കലങ്ങിയ മാനം നോക്കി വരാന്തയിൽ  ഇരുന്നപ്പോൾ  ഓര്‍മ്മകളില്‍ ഒരിടി നാദം.ഒപ്പം കോരിച്ചൊരിയുന്ന പേമാരിയും.2003 അവസാന വാരത്തെ ഇരുള്‍ മുറ്റിയ പ്രഭാതവും അന്നേ ദിവസത്തെ കണ്ണീര്‍വാര്‍‌ത്ത സായാഹ്നവും മനസ്സില്‍ തെളിയുന്നു!!!

അബ്‌സ്വാർ  എന്ന പതിമൂന്നുകാരന്റെ മരിയ്ക്കാത്ത ഓർമ്മകൾ !!! വിട പറയാന്‍ നാഴികകള്‍ മാത്രം ബാക്കിയിരിക്കേ സ്‌ക്കൂള്‍ അസംബ്‌ളിയില്‍ തന്റെ ഊഴം അബ്‌സ്വാർ അവിസ്മരണീയമാക്കിയിരുന്നു!!!

അബ്‌സാറിന്റെ ഖബറിടത്തില്‍ നിന്നു കൊണ്ട്‌ പ്രതിഭയുടെ വാക്‌ധോരണിയുടെ ഈണവും  ആഴവും പരപ്പും ഒരു ചിത്രീകരണത്തിലെന്ന പോലെ ഓര്‍ത്തെടുക്കുകയാണ്.അതെ ഖബറടക്കം ചെയ്യാനാകാത്ത ഓര്‍മ്മകള്‍!!!
.................................
ഖബറടക്കം ചെയ്യാനാകാത്ത ഓര്‍മ്മകള്‍
-----------------

തുരുമ്പെടുത്ത ശ്‌മശാനവാതില്‍ മെല്ലെ തള്ളിത്തുറന്നു.
'നിങ്ങള്‍ക്ക്‌ സമാധാനം അടുത്ത നാളില്‍ എന്റെ ഊഴം'
കൊച്ചു പ്രായത്തില്‍ പഠിച്ച വാചകം ഉരുവിട്ടു.
വെണ്ണക്കല്‍ ഫലകത്തില്‍ അവന്റെ പൂര്‍ണ്ണ നാമം
അഥവ പേരിന്റെ വാല്‍‌ കഷ്‌ണമായി എന്റെ പേരും

കണ്ണുകള്‍ തറച്ചു നിന്നത് അവിടെയാണ്‌.
ഞാനാണോ ഈ കല്ലറക്കകത്ത്‌
ശരീരത്തില്‍ മണ്ണുരയുന്നു
കൈകാലുകളില്‍ പുഴുക്കളിഴയുന്നു
കണ്ണുകള്‍ തുറക്കാനാകുന്നില്ല
ചുണ്ടുകള്‍ ചലിക്കുന്നില്ല

ബാപ്പാ...
കൊച്ചുമോന്‍ കുലുക്കി വിളിച്ചു
ഉറക്കില്‍ നിന്നെന്നവണ്ണം
ഞെട്ടിയുണര്‍ന്നു
ജീവനൊടുങ്ങും മുമ്പെ
ഖബറടക്കം ചെയ്യപ്പെട്ടവന്‍
ഞാന്‍
അതെ
ദേഹം മണ്ണോട്‌ ചേരുന്നതും
ദേഹി വിണ്ണിലേക്കുയരുന്നതും
രുചിച്ചു
ആസ്വദിച്ചു.
അങ്ങകലെ ഏഴാനാകാശത്തിനുമപ്പുറം
ഫിര്‍ദൌസെന്ന പൂങ്കാവനത്തില്‍
എത്തിനോക്കി
മനസ്സില്‍ താലോലിച്ചിരുന്ന
സ്വര്‍ഗലോകത്ത്‌ മാലാഖമാരോടൊത്ത്‌
ഉല്ലസിക്കുകയാണാ ദാര്‍ശനികന്‍ (അബ്‌സാര്‍ )

എന്നെ കളീകൂട്ടൂലലേ...?
പിണക്കം പറഞ്ഞ്‌ തിരിച്ച്‌ പോന്നു
ഇന്ന്‌ ഞാന്‍
ആ സ്വപ്‌നലോകത്താണ്‌.
സഹപാഠികളേയും അധ്യാപകരേയും
സാക്ഷി നിര്‍ത്തി
അവസാന പ്രഭാതത്തില്‍
നീ ആണയിട്ട വാക്കുകളുടെ
പടഹധ്വനിയും
പ്രതിധ്വനിയും
എന്റെ ഉറക്കം കെടുത്തുന്നു.
.....
ഉത്തര ധ്രുവത്തിലുള്ളവന്റെ വേദന
ദക്ഷിണ ധ്രുവത്തിലുള്ളവന്‌
അനുഭവേദ്യമാകുന്ന നാള്‍ വിദൂരമല്ല
നാം മനുഷ്യര്‍ ഒരേ മാതാപിതാക്കളുടെ
മക്കളാണെന്ന ബോധം
ബോധ്യമാക്കിയെങ്കില്‍

ഇതായിരുന്നുവല്ലൊ
നിന്റെ ഭാഷണത്തിന്റെ സത്ത..
പേരിന്റെ പൊരുളറിഞ്ഞ കുട്ടീ..

നിന്റെ സ്വപ്‌നം പൂവണിയാന്‍
ധ്രുവങ്ങളോളം ദൂരം ഇനിയും
താണ്ടേണ്ടി വരും.
നിന്റെ വേപഥു തിരിച്ചറിയുന്ന 
ഒരു പച്ചമനുഷ്യനെ കാണാന്‍
ഭൂതക്കണ്ണട വേണ്ടി വരും.
....
രക്തബന്ധങ്ങള്‍ തിരിച്ചറിയപ്പെടാത്തകാലം
കഴുകനും മാടപ്രാവിനും 
ഒരേ ശുശ്രൂഷ ലഭ്യമാകുന്ന കാലം
ഈ ഭൂമികയില്‍ നിന്നുകൊണ്ടും
പ്രതീക്ഷയുടെ
സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തവന്‍ നീ
....
ഒരുതുള്ളി വെള്ളത്തിന്‌ വേണ്ടി 
തൊണ്ടകീറുന്ന പൈതങ്ങളുടെ
കാതടപ്പിച്ച്‌കൊണ്ട്‌
ഗുഡ്‌സ്‌ വണ്ടികള്‍ ചൂളം വിളിച്ച്‌ പായുന്നു
നിറയെ പാലും പഴവും വഹിച്ച്‌ കൊണ്ട്‌
ഇതു്‌ ദൈവങ്ങള്‍ക്കുള്ളതാണ്‌.
....
വിശുദ്ധ വചനങ്ങളില്‍
പരലോക വിചാരണയുടെ വാങ്‌മയ ചിത്രം:
നീയെന്നെ ഊട്ടിയില്ല
കുടിപ്പിച്ചില്ല
ഉടുപ്പിച്ചില്ല
സന്ദര്‍ശിച്ചില്ല...

'സര്‍വ്വലോക പരിപാലകന്‍
നീയെത്ര പരിശുദ്ധന്‍
അടിയനെങ്ങനെ നിന്നെ ശുശ്രൂഷിക്കാന്‍..'

'സഹജീവികളെ സേവിച്ചിരുരുന്നെങ്കില്‍ .
അതത്രെ ദൈവസേവ.'
....

ശുദ്ധപാഠങ്ങളോതി
അധരവ്യായാമം ചെയ്‌ത് 
സംതൃപ്‌തിയടയുന്ന
ലോകത്തോട്‌

'നീ നിന്നെയറിഞ്ഞുവെങ്കില്‍ ദൈവത്തെ അറിഞ്ഞേനെ
സംസ്‌കൃത ചിത്തനായ്‌ തീര്‍ന്നേനേ..'
ചങ്കു പൊട്ടുമാറുച്ചത്തില്‍
കൂകിപ്പാടിയ പൂങ്കുയിലേ
ഈ പാട്ടിന്റെ പ്രതിധ്വനി
എന്റെ ഉറക്കം കെടുത്തുന്നു.
========



അബ്‌സാറിന്റെ ഖബറിടം സന്ദര്‍ശിച്ചപ്പോള്‍ മനസ്സില്‍ മിന്നിമറഞ്ഞ ചില വിചാര വികാരങ്ങള്‍.പിറന്നത്‌ 1990 ജനുവരി 5,മറഞ്ഞത്‌ 2003 ജൂണ്‍ 26 .

0 comments:

Post a Comment

Note: Only a member of this blog may post a comment.