11 December 2016

യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌

യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌
------------
മണലാരണ്യത്തിലെ നീരുറവ
പരന്നൊഴുകുന്നതും
പിതാവിന്റെ പാദമുദ്രയിലൂടെ
പ്രതിനിധികള്‍ നടന്ന് വരുന്നതും
സത്യ സാക്ഷ്യത്തിന്റെ ചൂണ്ട്‌ വിരല്‍
പ്രാര്‍ഥനയ്‌ക്കും ധര്‍മ്മ സമരത്തിനും
ദിശാ ബോധം നല്‍കുന്നതും.
സമര്‍പ്പണ ശീലം
സാഷ്‌ടാംഗത്തിലും
ജീവിതത്തിലും
പ്രകടമാകുന്നതും
ജീവനുള്ള വചനങ്ങളെ സ്വാംശീകരിച്ച്‌
ആത്മാവിനും
അനുഭവ ലോകത്തിനും
ഊര്‍ജ്ജമാകുന്നതും
പ്രകൃതിയുടെ തേട്ടമാണ്‌.
.................................
രക്തക്കറയുള്ള വിപ്‌ളവ സൂക്തം
ആത്മാര്‍ഥമായി നെഞ്ചിലേറ്റി
തകര്‍ന്നടിഞ്ഞ
ചോന്ന താഴ്‌വര
ചരിത്രമായി.
....................................
പ്രകൃതിയുടെ നീരൊഴുക്ക്
ഊറ്റിക്കുടിക്കുന്ന
വെറിയന്റെ
ഭൗതികാസക്തിയുടെ
ദാഹം തിരിച്ചറിഞ്ഞ
പുതു ലോക ക്രമത്തിന്റെ ഇരകള്‍
മോചകനെ തിരയുകയാണ്.
.........................................
പരിപാലകരില്ലാതെ കരിഞ്ഞുണങ്ങിയ
പാട ശേഖരങ്ങളിലാണ്‌
മണ്ണിന്റെ മക്കളുടെ പ്രതീക്ഷ ..
....................................
വറ്റിപ്പോകാത്ത
സംസ്‌കൃതിയുടെ മടിത്തട്ടില്‍
വഴികാട്ടിയുടെ ചൂണ്ട്‌ പലകയും
കെട്ട്‌ പോകാത്ത വിളക്ക് മാടവും
കേട്‌ പറ്റാത്ത രാജ പാതയും
ജീവനുള്ളവര്‍ക്ക്‌ വേണ്ടി
കാത്ത്‌ കിടക്കുകയാണ്‌.
യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌.
.................................
'ചൂണ്ടുവിരല്‍ 'എന്ന അക്ഷരോപഹാരത്തില്‍ പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.