15 August 2016

ഭാരതാംബേ

ഭാരതാംബേ
------------
ഭാരതാംബേ നിന്‍ 
തൃപ്പാദങ്ങള്‍ തഴുകും
കാട്ടാറുകളുടെ 
പാദസരങ്ങളാരഴിച്ചെടുത്തു
പകരം കിട്ടിയ ചങ്ങല കിലുക്കി
പുളഞ്ഞൊഴുകുമീ
തേനാറിന്റെ തീരത്തെ
ആമ്പല്‍ കാടുകള്‍ 
തൂത്തെറിഞ്ഞതാര്‌?

പകരം താമരാക്ഷികളുടെ
ജീര്‍ണിച്ച ജഡം 
വലിച്ചിഴച്ച്‌കൊണ്ട്‌ വന്നതാര്‌?

കൃ‌ഷ്‌‌ണത്തുളസി തന്‍ പരിശുദ്ധിയും
കുടമുല്ല പൂവിന്റെ പരിമളവും
തുമ്പ പൂവിന്റെ നൈര്‍മല്യവും
ചന്ദന മണമെഴും സംസ്കാരവും
പോയൊളിച്ചതേതു
തൊടിയിലൊ,മടയിലൊ,
പതിനെട്ട്‌ പടിയും കടന്ന് 
മലമുകളിലൊ ?
അല്ല ........
അവിടെ പുകയുന്ന 
ചന്ദനത്തടികളിലവളുടെ
ചിതയെരിയുന്നതിന്‍ 
സുഗന്ധമത്രെ !
കളകളം പാടും 
കിളികളുടെ സ്വരഭേദം
പുലരികളില്‍ പലവര്‍ണ്ണ 
പീലിപോല്‍ പൂകാലം
കണ്ണിനും കാതിനും 
കൗതുകമെങ്കിലും
ഇവ്വിധം ഭിന്നമാം 
സംസ്കാര വാടിയില്‍
‍ചൊറിതണം പോല്‍ 
പൂത്തുലഞ്ഞ്‌ നില്‍പൂ..
ഭാരതീയന്റെ 
വേലയും വേളിയും
ഭാവനകള്‍ക്കതീതമാകുമ്പൊഴും
ഭാസുരമായൊരു 
നാള്‍ പുലരുന്നതിന്‍
‍പൂങ്കോഴിയാകാന്‍ 
ശ്രമിക്ക നാം കൂട്ടരെ...

0 comments:

Post a Comment

Note: Only a member of this blog may post a comment.