10 June 2015

പ്രണാമം

പ്രണാമം
------------
കണ്‍കളില്‍ കര്‍പൂര കാഴ്ചയായ്‌ പൂക്കുന്ന
കരളില്‍ കുളിര്‍ മഴയായ്‌ പെയ്‌തിറങ്ങുന്ന
കൂരിരുട്ടില്‍ നെയ്‌തിരികള്‍ കൊളുത്തുന്ന
താര ദേവതകളെ കൈ തൊഴുന്നേന്‍.

തേന്‍പേറും സ്വപ്‌നങ്ങളുള്ളിലൊതുക്കി - പൂ
മൊട്ടുപോല്‍ കൂപ്പി നമിച്ചു നില്‍ക്കേ
മാഞ്ഞു പോകുന്നുവോ താര ദേവതകളേ
കാഞ്ഞു പോകുന്നെന്‍ കിനാവുകളും.

2
ചന്ദ്രികേ നീയെന്നുമെന്റെ ദൃഷ്‌ടിക്കുള്ളില്‍
ദേവിയായെന്നും തിളങ്ങീടുമോ
അല്ല നീയും താര വൃന്ദങ്ങളെപ്പോലെ
അന്ധകാരത്തിലലിഞ്ഞീടുമോ ?

നിന്റെ പ്രഭാവലയത്തിലെന്‍ ദൗര്‍ബല്യം
നിന്നെ പ്രണമിയ്‌ക്കാന്‍ കല്പിക്കുന്നു
നിന്റെ വെള്ളി വെളിച്ചവും ക്ഷണികമോ
നിന്നെയും ചന്ദ്രികേ കയ്യൊഴിഞ്ഞേന്‍..

3
ദിവ്യ ജ്യോതിസ്സേ നിന്‍ പ്രഭയേറ്റുണരാനായ്
തപം ചെയ്‌തിരിപ്പൂ മലരും തളിരും
നീ പൂര്‍വ്വ ദിക്കിലുദിച്ചു നിന്നീടുകില്‍
‍നീയാണെന്‍ സര്‍വേശന്‍ അഗ്നി ദേവാ..

4
ആരാണ്‌ ഭ്രമണ പഥമൊരുക്കിക്കൊണ്ടീ
ഗോളങ്ങളെ തേരു തെളിച്ചീടുന്നു
ആജ്ഞാനുസാരികളാം ഗോളവ്യൂഹത്തെ
എന്തിനു ഞാന്‍ പ്രകീര്‍ത്തിച്ചിടുന്നൂ...

5
പ്രണമിച്ചിടട്ടെ ഞാന്‍ പ്രണമിച്ചിടട്ടെ ഞാന്‍
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ
ബ്രഹ്മാണ്ഡങ്ങള്‍ക്കൊക്കെ
പാഥേയം തീര്‍‍ത്തൊരാ
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ...
************
പ്രവാചകന്‍ ഇബ്രാഹീം (അ) പ്രബോധനം ചെയ്‌ത ശൈലി വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വാങ്മയ ചിത്രം.
പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.