13 April 2015

നിരായുധന്റെ പാട്ട്‌

നിരായുധന്റെ പാട്ട്‌
-----------
ഇല്ലെനിക്കായുധവും പടച്ചട്ടയും 

ഇല്ലെനിക്കായ്‌ തേരും കുതിരകളും 
എങ്കിലുമിവിടെ രണാങ്കണം കൊള്ളെഞാന്‍ 
എത്രകാതങ്ങള്‍ നടന്നടുത്തു
  
അക്ഷയഖനികളില്‍ നിന്നുള്ളൊരുത്തമ
അക്ഷയ സമ്പത്തുണ്ടെനിയ്‌ക്ക്‌
ആ ലിപികള്‍ക്ക് ജന്മം പകരാനുതകുന്ന
തൂലിക കൂട്ടിനായുണ്ടെനിയ്‌ക്ക്

ഉണ്ടെനിക്കേറെ ദൃഢമാം ഹൃദയവും 
ഉള്ളില്‍ ജ്വലിക്കുന്ന വിശ്വാസവും  
കൂരിരുള്‍ മായ്‌ക്കുന്ന കൈതിരിയുണ്ടെന്നെ
കരകയറ്റാനൊരു നായകനും 
കൂര്‍ത്ത കൂരമ്പിന്‍ നഖങ്ങളാലൊന്നുമെ-
ന്നുള്ളിലെ മുദ്രകള്‍ മായുകില്ലാ
എന്‍ വെള്ളി നക്ഷത്ര കിരണമൊരിക്കലും 
ഇക്കൊടുങ്കാറ്റിലണയുകില്ല

ചോരപ്പുഴകണ്ട്‌ ചിത്ത ഭ്രമത്താല്‍ 
തിരിഞ്ഞോടുവാനെനിക്കാകുകില്ല
ഇപ്പുഴ നീന്തിക്കയറുകില്‍ ഞാനെത്തും 
ആറുകള്‍ സങ്കല്‌പാതീതമല്ലോ

ദാഹിച്ചു പരവശനാകില്ല ഞാനൊട്ടും 
മോഹിപ്പൂ ഞാനൊന്ന് ദാഹിക്കുവാന്‍ 
മൃത്യുവെ ചൊല്ലി ഭയക്കുകയില്ല ഞാന്‍ 
വീര ചരമമെന്‍ സ്വപ്‌നമല്ലോ.
..............
2003 പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.