രണഭൂമിയിലെ സ്വപ്‌നം
===========
എല്ലാം ഭസ്‌മമാക്കീടും ഭീകരതയുടെ
അഗ്നി ജ്വാലകള്‍ തീര്‍ക്കും
അത്യാധുനിക ആയുധങ്ങള്‍
തുരുതുരാ ഗസ്സയുടെ ഹൃദയം പിളര്‍ത്തിടുന്നു.
---------
മുലപ്പാല്‍ മണക്കുന്ന കുഞ്ഞ് കുഞ്ഞോമനകള്‍
മണിയറവിട്ടുണര്‍ന്ന യുവ മിഥുനങ്ങള്‍
അക്ഷരമുറ്റത്തെ പിഞ്ചോമനകള്‍
ആരാധനാലയം
ആതുരാലയങ്ങളും
താണ്ഡവമാടി
സയണിസ ഭീകരര്‍
---------
കാറ്റുറങ്ങാത്ത ശവപ്പറമ്പില്‍
കാത്ത് കാത്തിരിക്കുന്ന ശവം തീനികള്‍
കാതടപ്പിക്കുന്ന ബോംബുകളുടെ ഗര്‍ജ്ജനം
കരളുലക്കും തെരുവ് മര്‍ദ്ദകരുടെ
മദമിളക്കത്തില്‍
ദിഗന്തങ്ങൾ തട്ടി മുഴക്കം തീര്‍ക്കുന്ന
ബാല്യ കൗമാരങ്ങളുടെ ഗദ്‌ഗദങ്ങള്‍..
വയോവൃദ്ധരുടെ സങ്കടപ്പെരുമഴയില്‍
നിശബ്‌ദമാകുന്ന
മധ്യധരണ്യാഴിത്തിരയും തീരവും...
---------
മൂക സാക്ഷികളാകും ലോകരുടെ
ഹൃദയം കവരും വിധം
പൊയ്‌വെടികളുടെ
പച്ചനുണ ബോംബുകള്‍
യഥേഷ്‌ടം പെയ്‌തു -
പെയ്‌തു കൊണ്ടിരിക്കുന്നു..
---------
ചാപ്പകുത്തപ്പെട്ട പോരാളികളുടെ പേരില്‍
പകര്‍ച്ച വ്യാധിപോല്‍ പടരും
ജ്വരം പിടിപെടും പകയും
പാട്ടും കഥയും കഥകളിയും
കഥയറിയാത്തവരും...
കഥയറിഞ്ഞാടുന്നവരും
ഉറഞ്ഞാടുന്ന കാഴ്‌ചകള്‍
ലോകമെങ്ങും ...
-------------
പോരാളികളുടെ
വില്ലിന്റെ വിലയും വീര്യവും
ദിശയും ദൂരവും മൂര്‍ച്ചയും
അതിന്നിരയാകുന്ന
നിഷ്‌കളങ്ക ബാല്യങ്ങളും ...
പഞ്ചതന്ത്രം കഥകളെ വെല്ലും
ചിത്ര ചിത്രീകരണങ്ങള്‍
ലോക മീഡിയകളില്‍
നിറഞ്ഞ് നുരയുന്നു...
--------
പേരില്‍ പോലും സമാധാനം
ധ്വനിപ്പിക്കുന്നുവെങ്കിലും
ഇസ്സമാധാന ദര്‍ശനപ്പേടിയില്‍
പെട്ടുഴലുകയാണിന്ന് ലോകം.
ഇതിന്
ചൂട്ടു പിടിക്കും
കൂത്തരങ്ങുകള്‍ കൊണ്ട്
വേദികളൊരുക്കുന്ന
മാധ്യമ സായാഹ്ന ചര്‍ച്ചകള്‍
സയണിസ ഫാഷിസ ബാന്ധവം
കയ്യടിച്ചാഘോഷമാക്കി ലോകം...
----------
അവകാശം ചോദിച്ചവന്റെ
പ്രഹരത്തില്‍
പ്രകോപിതരായി
അക്രമിയുടെ അക്രോശങ്ങള്‍ക്ക്
കാവലായി
ആകാശ കോട്ടകള്‍ തീര്‍ത്ത്
കാത്ത് നില്‍പ്പൂ
കാവല്‍ നായ്‌ക്കള്‍
കരയിലും കടലിലും ...
---------
മര്‍ദ്ദിതരുണരുന്നതും
അവരുടെ മുഷ്‌ടികളുയരുന്നതും
സസൂക്ഷ്‌മം നിരീക്ഷണവിധേയമത്രെ..
----------
ആകാശങ്ങളുടെ ആകാശത്തെ
അധിപതിയോട്
കണ്ണീരുണങ്ങാത്ത
രാപകലുകളുടെ
യാമങ്ങളിലുയര്‍ത്തുന്ന
തേട്ടങ്ങള്‍ക്കുത്തരമായ്
പതിതരുടെ കിനാക്കളും
വ്രണിതരുടെ മോഹങ്ങളും
വിടരുന്ന
പൂവും പൂവാടിയും
പൂത്തുലയുന്ന
പുലരിയാണീ
രണഭൂമിയിലിരിന്നും
ഞാന്‍
നെയ്‌തിടുന്ന സ്വപ്‌നം ...
===========
മഞ്ഞിയില്‍
ഇന്റര്‍ നാഷണല്‍ മലയാളി
0 comments:
Post a Comment
Note: Only a member of this blog may post a comment.