25 June 2023

പക്ഷിയുടെ ചിറകടി

പക്ഷിയുടെ ചിറകടി
------------
പക്ഷിയുടെ ചിറകടി
എനിക്കു കേള്‍ക്കാമായിരുന്നു
ചിന്തയുടെ കതിരും
ഭാവനയുടെ ഉമിയും
കൊത്തിക്കൊറിച്ചു കൊണ്ട്
മനസ്സിന്റെ കൂട്ടില്‍
കുറുങ്ങി കുറുങ്ങി നിന്ന
പക്ഷി
എത്ര കൊത്തിക്കൊറിച്ചാലും
വിശപ്പടങ്ങാത്ത
പക്ഷി
ഒരുദിവസം വിശാലമായ
ആകാശപ്പരപ്പിലേയ്ക്ക്
പറന്നു പോകുമെന്നു
ഞാന്‍ ഭയപ്പെട്ടു കൊണ്ടിരുന്ന
പക്ഷി.
ഒടുവില്‍
എന്നെ
കേവലമൊരു കാഴ്ചക്കാരനാക്കി
പറന്നകന്നു.

കണ്‍കളിലെ നക്ഷത്രങ്ങളും
കൈകളിലെ നെയ്‌തിരികളും
മൊഴികളിലെ മധുകണങ്ങളും
വിശാലമായ
ഈ കായലോരത്തിനു
സമ്മാനിച്ചു കൊണ്ട്
പക്ഷി
പറന്നു പോയി.

ഇന്നു ഈ കൂടു ശൂന്യമാണ്‌
ചിന്നിച്ചിതറിയ തൂവലുകളും
കതിരുകളുടെ ശിഷ്ടവും
കമഴ്ന്നു പോയ
ഒരു മണ്‍ ചെപ്പും ഒരുണക്കക്കമ്പും ....
ഒരു നോക്കു പോലും നോക്കാന്‍
എനിക്കാവുന്നില്ല
മനസ്സൊരു മരുപ്പറമ്പു പോലെ
കള്ളിച്ചെടികള്‍
മുളക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ മുള്‍ കാടുകളെ
വളര്‍ത്താന്‍ എനിക്കാവില്ല.
എല്ലാം ഞാന്‍ വെട്ടി നിരത്തും
ഇവിടെ ഞാന്‍ ഉഴുതു മറിക്കും
ഒരു പച്ചത്തുരുത്തു പണിയും
തെളി നീര്‍ വേണം
സ്നേഹത്തിന്റെ തെളി നീര്‍ .

പുഴകള്‍ വറ്റി വരണ്ടിരിക്കുന്നു
കൈ വഴികളും തോടുകളും
അപ്രത്യക്ഷ മായിരിക്കുന്നു
മഴ പെയ്യുന്നതു വരെ കാത്തിരിക്കന്‍
എനിക്കാവില്ല.

കടലിലെ വെള്ളത്തെ
നീരാവിയാക്കന്‍
എനിക്കാവും
കാര്‍ മേഘങ്ങളെ
കൂട്ടിമുട്ടിക്കാനും
എനിക്കാവും
അതെ മഴ തുടങ്ങി
തോരാത്ത മഴ
മരുഭൂമിയെ
ജീവിപ്പിക്കുന്ന മഴ
സസ്യങ്ങള്‍ക്കു
പുതു നാമ്പു നല്‍കുന്ന മഴ
അനുഗ്രഹത്തിന്റെ തേന്‍ മഴ
മഴ.....
പെയ്‌തിറങ്ങുകയാണ്‌.........
----------------

2003 ല്‍ മകന്‍ അബ്‌സ്വാറിന്റെ വിയോഗാനന്തരം എഴുതിയത്

0 comments:

Post a Comment

Note: Only a member of this blog may post a comment.