27 June 2003

ആദ്യത്തെ കനി

ആദ്യത്തെ കനി
-----------
പൂമരം ആദ്യം കായ്‌ചതും
കനിയായി നിന്നതും
മധുരമുള്ള ഓര്‍മ്മയാണ്‌.
പിന്നെയും പൂത്തു
പിന്നെയും കായ്‌ചു

ആദ്യത്തെ കനി 
പാകം വന്നു
പരിമളം പരത്തി ...
മണ്ണിലെ പക്ഷികള്‍ക്ക്‌
അപരിചിതമായ സുഗന്ധം
അവര്‍ അതു വഴി സ്വൈര്യം
പറന്നു പോയി ...

ഒരു ദിവസം
വെളുത്ത ചിറകുകളുള്ള 
പക്ഷികള്‍
മന്ത്ര ധ്വനികളുമായി 
പറന്നടുത്തു
മധുരമുള്ള പഴവും പറിച്ച്‌
ചിറകടിച്ച്‌ പറന്നകന്നു

ഞാനെന്തു പറയേണ്ടു
കേവലമൊരു 
പരിപാലകന്‍‍
ആകാശത്തിന്റെ 
കയങ്ങളിലേയ്‌ക്ക്‌
കണ്ണെറിഞ്ഞ്‌
പരിഭവത്തോടെ 
നോക്കി നിന്നു

ഇളം കയ്യിലെ 
അപ്പവും കൊത്തി
പറന്നു പോയ പറവയോട്‌
പിണക്കം പറഞ്ഞു നില്‍ക്കുന്ന
പൈതലിനെപ്പോലെ ...