26 December 2003

ഡയലോഗ്‌

ഡയലോഗ്‌ 
------------
ആരാണ്‌ കാറ്റിന്റെ തിരശ്ശീലയില്‍
തിരിനാളം കൊണ്ട്‌ കളിക്കുന്നത്‌
ഇവിടെ ആരോ ഉണ്ടായിരിക്കണം
കാലത്തെ പുണര്‍ന്ന്‌ കളിക്കുന്ന
അര്‍പണ ബോധമുള്ളവന്‍
ആരാണ്‌...................?

ഇവിടെ ആരോ ഉണ്ടായിരിക്കണം
കാണപ്പെടാത്തതാണ്‌ പൊരുളെന്നുരച്ച്‌
യാഥാര്‍ത്ഥ്യത്തിന്റെ നിഴലു്‌ കൊണ്ട്‌
കളിക്കുന്നവന്‍
ആരാണ്‌ ?
ഇവിടെ ആരോ 
ഉണ്ടായിരിക്കണം
ഇല്ല ആരുമില്ല ഒരാളുമില്ല
ആരും എവിടെയും ഇല്ല
ചോദ്യ കര്‍ത്താകളുടെ 
ചോദ്യങ്ങളെ നിഗ്രഹിച്ച്‌
പൂര്‍ണ സമര്‍പ്പണം
ആവശ്യപ്പെടുന്ന
ശുഭ പ്രതീക്ഷയുള്ളവരുടെ
മിഥ്യാ ധാരണകള്‍
മാത്രമാണിവിടെ ഇനിയും ..

അങ്ങനെയെങ്കില്‍
ആരാണ്‌ നീര്‍കണങ്ങളില്‍
രശ്‌മികള്‍ പതിപ്പിച്ച്‌
ആകാശത്തേയ്‌ക്ക്
മുകിലുകളെ വാരി വിതറിയത്‌ ?
ചിപ്പികളുടെ അറകളില്‍
മുത്തുകളുടെ ബീജങ്ങളെ
നിക്ഷേപിക്കാന്‍
സമുദ്ര നിരപ്പിന്‌മുകളില്‍
മുകിലുകളെ സൃഷ്‌ടിച്ചത് ?

അവനാണ്‌
ഓരോ ശിലയിലും 
അഗ്നി നിറച്ചത്‌
അഗ്നിക്ക് 
നിറം കൊടുത്തത്‌
അവനാണ്‌
അണുവിന്‌ ശബ്‌ദവും
ശബ്‌ദത്തിന്‌ 
വാക്കും
വാക്കിന്‌ ജീവനും നല്‍കിയത്‌
അതെ …
ഇവിടെ ആരോ ഉണ്ട്‌….
എവിടെയോ ആരോ ഉണ്ട്‌
ആരോ ഉണ്ട്......
...........................
ഇഫ്‌തിഖാര്‍ ആരിഫിന്റെ മുകാലമ എന്ന ഉറുദു കവിത ബ്രിന്‍ദ വാല്‍കര്‍ ഡയലോഗ്‌ എന്നപേരില്‍ വിവര്‍ത്തനം ചെയ്‌തതിന്റെ സ്വതന്ത്ര  മൊഴിമാറ്റം.  പ്രബോധനം വാരികയില്‍ പ്രകാശിപ്പിച്ചത്.

0 comments:

Post a Comment

Note: Only a member of this blog may post a comment.