14 April 2019

ഗ്രാമക്കാഴ്‌ച

ഗ്രാമക്കാഴ്‌ച
------------
പുഞ്ച നെല്‍‌പാടത്ത്‌ കൊഞ്ചിക്കുഴഞ്ഞെത്തും
പഞ്ചവര്‍‌ണ്ണക്കിളി കൂട്ടമെന്നും - അതില്‍
പച്ചയുടുപ്പിട്ട പഞ്ചാരത്തത്തമ്മ
ആരിലും കൗതുകപ്പൂ വിടര്‍‌ത്തും.

കരഘോഷം കൊണ്ടുല്ലാസപ്പൂത്തിരി കത്തിയ്‌ക്കും
കളകളം പെയ്‌ത്‌ കിളി കൂട്ടം വന്നാല്‍.
കോള്‍‌മയിര്‍ കൊള്ളും ഞാനെന്നുമ-
ത്തത്തമ്മ കൂട്ടങ്ങള്‍ കണ്ട്‌ മനം നിറയ്‌ക്കേ.

കറുകാ വരമ്പത്ത്‌ കുറുകെയിരുന്നി-
ട്ടോരോ മണി കൊറിക്കും തത്തമ്മ.
വില്ലൊത്ത കൊക്കിനാല്‍ നെല്ലു കൊറിപ്പതു
വെള്ളമിറക്കി ഞാന്‍ നോക്കി നില്‍‌ക്കും.

ചിത്തത്തിലന്നു തൊട്ടെത്തിയൊരാശയാ-
ണൊത്തൊരു തത്തയെ കൂട്ടിലാക്കാന്‍
ഒത്തില്ലിതുവരെ പച്ചത്തത്തമ്മയെ
ചന്തത്തില്‍ തീര്‍‌ത്തൊരെന്‍ കൂട്ടിലാക്കാന്‍...

കൊച്ചു കുറ്റികളില്‍ കെട്ടിയ നൂല്‍‌വല
കുറ്റി തറച്ചു ഞാന്‍ നെല്‍ വരമ്പില്‍
കുറ്റബോധത്തോടെ കുത്തിയിരുന്നു ഞാന്‍
കറുകാ വരമ്പിന്റെ മൂല തന്നില്‍.

ഓടി ഞാന്‍ തത്ത തന്‍ ചാരത്തണഞ്ഞപ്പോള്‍
പോട യെന്നോതിയാ തത്ത കൊത്തി
നൂലില്‍ നിന്നും പച്ച തത്തയെ വേഗത്തില്‍
നൂതനാമയൊരു കൂട്ടിലാക്കി..

കൊച്ചു കതിര്‍ കുല കൂട്ടില്‍ കൊടുത്തു ഞാന്‍
കൊച്ചരിപ്പല്ലുകളൊന്നു കാണാന്‍
കൊത്തിക്കുടഞ്ഞതല്ലാതെയത്തത്തമ്മ
കൊത്തിക്കൊറിച്ചില്ല നെന്മണികള്‍...

പാവമാ തത്തമ്മ കൊത്തിക്കൊറിക്കില്ല
പാവ പോലെ ശോക മൂകമായി
പാടി നടന്നൊരാ തത്തയെ ഞാനിന്നു
പാവയാക്കിയതു പാപമായി.

ഊരാ കുരുക്കില്‍ കിളിയെ പിടിക്കുമ്പോള്‍
ഓര്‍ത്തില്ലിണക്കിളികള്‍ തന്‍ ദുഖം.
ഓര്‍‌ക്കാ വികൃതിച്ചെപ്പിലിന്നു പെട്ടത്‌
തര്‍‌ക്കമറ്റ രണ്ടോമല്‍ കിളികള്‍...
...........................
എഴുപതുകളില്‍ വെന്മേനാട്‌ എം.എ.എസ്‌.എം ഹൈസ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കവിതാ രചനാ മത്സരത്തില്‍ അം‌ഗീകരം കിട്ടിയ സൃഷ്‌ടി. ഗ്രാമ രത്നം എന്ന മാസികയില്‍ ഇതു വെളിച്ചം കണ്ടിട്ടുണ്ട്.

0 comments:

Post a Comment

Note: Only a member of this blog may post a comment.