01 October 2014

ഹജ്ജ്‌

പതഞ്ഞു പതഞ്ഞൊഴുകുന്നു തേനാറുകള്‍
പുല്‍കാനും ചേരാനും സാഗരത്തില്‍
ആര്‍ത്തിരമ്പുന്നേക ലക്ഷ്യത്തെ പ്രാപിക്കാ -
നാവേശത്താല്‍ പുളഞ്ഞൊഴുകിടുന്നൂ...

നെയ്‌തിരിയില്‍ കത്തി ചാരമാകാന്‍ കൊതി -
ച്ചെത്തിയ പ്രാണികള്‍ കഅബ ചുറ്റി
ആ വൃത്ത വൃന്ദത്തിന്‍ താളത്തിലാനന്ദ
പ്രേമ നിര്‍വൃതിയോടെ ഞാന്‍പറന്നു.

ഇബ്രാഹീമിന്‍ സ്വപ്‌ന സാക്ഷാല്‍കാരങ്ങളും
ആസറിന്‍ വ്യാമോഹ കോട്ടകളും
ചിത്തത്തിലൊരുവട്ടമോര്‍ത്തു ഞാന്‍നിന്നുപോയ്
ചരിത മുറങ്ങുന്ന കല്ലരികില്‍ .

സഫ മറുവക്കിടയില്‍ ഞാനോടി ഹാജറയായ്‌
സഹാറയാം മനസ്സില്‍ നീര്‍ചാല്‌തേടി
മരുഭൂവില്‍ സംസം ഒഴുക്കിയ നാഥന്റെ
മഹത്വ മെന്നുള്ളിലൊരു രാഗമായി .

തൂവെള്ള ധാരിയായറഫയില്‍ ഞാനൊരു
ശുദ്ധ ജലകണമായലിഞ്ഞു
ആ പ്രവാഹത്തിന്‍ താളം പോല്‍ തഹ്‌ലീ -
ലാത്മ നിര്‍വൃതിയോടെ ഞാനുതിര്‍ത്തു.

ബലിയറുത്തെന്റെ സ്വാര്‍ഥതയാമജത്തിനെ
ബലപ്പെടുത്തിയെന്റെ മാനസത്തെ
പിഴുതെറിഞ്ഞെന്നിലെ ദുര്‍മന്ത്രമൊക്കെയും
ഏഴേഴുവട്ടം മിനാ ചരുവില്‍ .

ജബലുറഹ്‌മയും താഴ്‌വാരവും കണ്ട്
നബി ശ്രേഷ്‌ഠനെക്കുറിച്ചോര്‍ത്തുപോയി
മണ്‍തരികള്‍മുട്ടി മൂളുന്ന മാരുതന്‍
മന്ത്രിച്ചെന്‍കാതില്‍ തിരുവരുള്‍കള്‍ .

പുണ്യ റസൂലിന്‍ പാദ സ്‌പര്‍ശനമേറ്റ
മണ്ണും മലകളും നേരില്‍കണ്ടു
ബദറും ഉഹദും രണാങ്കണങ്ങള്‍കണ്ടു
പറയാനൊക്കാത്തൊരനഭൂതി പൂണ്ടു.

അല്ലാഹുവിന്‍ തിരു ഭവനത്തിന്‍
മുന്നിലിരുന്നേറെ നേരം ഗദ്‌ഗദ കണ്‌ഠനായി
അര്‍പിച്ചും അര്‍ഥിച്ചും അകമുരുകി പ്രാര്‍ഥിച്ചും
ഹര്‍ഷോന്മാദത്താല്‍ വിടപറഞ്ഞു ..
.........
പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.