06 September 2014

നോഹയുടെ പെട്ടകം 

നോഹയുടെ പെട്ടകം
---------------
മാനവ കുലത്തിന്നുള്ളറകളിലെ കാര്‍ -
മേഘങ്ങളെ പെയ്‌തിറക്കാനഹോരാത്രം
വീശിയടിച്ചൊരു കാറ്റ് പോല്‍ പ്രബോധക -
നൊമ്പതിലേറെശ്ശതകമീ ഭൂമിയില്‍

തുറന്നിട്ട ഹൃദയാന്തരങ്ങളില്‍ മാത്രമെ -
ത്തഞ്ചമായതുള്ളൂ കരിമുകിലുകളെ മാറ്റിടാന്‍
ഖിന്നനായ്‌ ഭാവുകന്‍ പ്രാര്‍ഥിച്ചു നിത്യവും
ഭിന്ന വൃത്തങ്ങളെച്ചൊല്ലി രക്ഷകനോട്‌

ഒടുവിലദ്ധിനം വന്നു ഭൂഗര്‍ഭജലം പൊന്തി
ഓളങ്ങളുയരുന്നു പര്‍വത സമാനമായ്‌
ഝംഝാ വാതം കണ്ടു ഝങ്കാരിതാത്മാക്കള്‍
ഝടുതിയിലഭയത്തിനായ്‌ കുതിക്കുന്നു.

ദുര്‍വിനീതരുടെ കരി മുദ്രകള്‍ സര്‍വ്വവും
ദുര്‍ഗതിയില്‍ സത്വങ്ങളായ്‌ മാറിയതു പോല്‍
ചീറിപ്പാഞ്ഞു തിരമാലകള്‍ ഭയാനകം
സീല്‍കാരത്താല്‍ ഫണമുയര്‍ത്തും കരിനാഗമായ്‌.

സ്വസുതനോട്‌ സുതരാമോതുന്നു പ്രാര്‍ഥി
'ഭീഷണമാം പ്രളയത്തില്‍ നിന്ന്‌ കരേറുവാന്‍
സുഭദ്രമല്ലയിക്കപ്പലല്ലാതെയൊന്നും
ദുഷ്‌പാരമാണീ ജലവിതാനമെന്‍ മോനേ...

'പുത്രനെച്ചൊല്ലി വേവുന്നോ പ്രവാചകാ
ബുദ്ധിയൊ ദുഷ്‌കര്‍മ്മിക്കായ് നിന്‍ പരിദേവനം
നേര്‍ മാര്‍ഗ്ഗിയല്ലവനെന്നിരിക്കെത്തമ്മില്‍
പാശമെന്തുള്ളൂ സ്വരക്തമാണെങ്കിലും'

ഇത്തരത്തിലീശന്‍ ശാസിച്ചത്‌കേട്ട്‌
പ്രാര്‍ഥകന്‍ പ്രായശ്ചിത്തം ചെയ്‌തക്ഷണം.
ദുഷ്‌കൃത്തരെല്ലാരും ദുര്‍ഘടമായൊരാ
ദുര്‍ഗതിയില്‍ പെട്ടമര്‍ന്നു മറഞ്ഞു പോയ്‌

സച്ചരിതരും ജന്തുജാലങ്ങളും സ്വച്‌ഛ
സുന്ദരം ജൂദിതന്നുച്ചിയിലിറങ്ങുന്നൂ..
....................................................
പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.