01 February 2007

സന്ധ്യ

സന്ധ്യ
------------
നീല സാഗരത്തിന്‍ 
നീലിമയില്‍ മിഴികള്‍ നട്ട്
നീറുന്ന ചിന്തയുമായിരിയ്‌ക്കും 
നേരം 
മാനത്തങ്ങകലെ 
സുന്ദരിയാം സന്ധ്യ
ചമഞ്ഞൊരുങ്ങിടുമ്പോള്‍
തെളിയുന്നു സഖിയുടെ
രൂപമെന്നകതാരില്‍
ഒളിക്കണ്ണിട്ടവളോതിയ
ചിലമ്പൊലികളെന്‍ കാതില്‍

സ്വര്‍ഗം തേടിയങ്ങ്‌ 
പോകുകയോ
മലര്‍വാടി വിട്ട് 
മണലാരണ്യത്തിലേയ്‌ക്ക്‌

ഇന്നീ മണല്‍ കാട്ടില്‍
ഈത്തപ്പനച്ചോട്ടില്‍
എണ്ണക്കിണറിന്‍ തീര
ത്തേറെ ഞാന്‍ നടന്നിട്ടും
തുറന്നില്ലെനിക്കാരു
മൊരു സ്വര്‍ഗവാതിലും

ഏകനായേറെ
നടന്നപ്പോളുള്ളി
ലേറി വന്നൊരു ചിന്ത
ഏറുകൊണ്ടൊരു പക്ഷി
യല്ലയോ ഞാനിന്നു

തിരിനാളവുമായണയുന്നു
ചന്ദ്രന്‍ 
മേഘപാളിയില്‍ 
തിരയുന്നു
സന്ധ്യയെ ....
ഇരുളിന്‍ 
കരങ്ങളിലമര്‍ന്നതവളല്ലെ
ഇതാകാം താരങ്ങള്‍
കണ്ണിറുക്കി പരിഹസിപ്പൂ

ചന്ദ്രന്റെ 
മുഖം കറുക്കുന്നതു
ഞാന്‍ കണ്ടു
ഒപ്പമെന്നുള്ളിലും
കരിനിഴലൊളി വീണു ..
.......
1982 ല്‍ ഗള്‍ഫ്‌ മലയാളിയില്‍ പ്രസിദ്ധീകരിച്ചത്‌ .